സിപിഎം ബിജെപിയുടെ കണ്ണിലെ കരടാണ്, രാഷ്ട്രീയപരമായി ജനാധിപത്യ രീതിയിൽ ഇടതുപക്ഷത്തെ നേരിടാൻ അവർക്ക് സാധിക്കില്ല: വി വസീഫ്

ബിജെപിയെ കുറിച്ച് നാടിന് നല്ല ബോധ്യമുണ്ടെന്നും ബിജെപിയെന്ന കുറുക്കനെ ആള്‍ക്കാര്‍ക്ക് അറിയാമെന്നും മലപ്പുറംലോക്സഭാ മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി വി വസീഫ്. മാധ്യമങ്ങളെ പോലും കൈകാര്യം ചെയ്യാന്‍ മടിക്കാത്ത ബിജെപിക്കാര്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ ഇഡിയിലെ ഇരട്ടത്താപ്പ് വ്യക്തമാണ്. കേരളത്തില്‍ ബിജെപി നിര്‍ണായക കക്ഷിയല്ലെന്നും വി വസീഫ് സൗത്ത് ലൈവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

വസീഫിന്റെ വാക്കുകൾ:

“കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരുമിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. നല്ല കൂട്ടായ്മകൾ വളർന്നു വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇവിടെ ഹിന്ദുവായും ക്രിസ്ത്യാനിയായും മുസൽമാനായും അതൊന്നുമില്ലാതെയും ആത്മാഭിമാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനങ്ങളുള്ള നാടാണ് കേരളം.

അതുകൊണ്ടാണ് ബിജെപിക്ക് ഒന്ന് കടന്നുവരാൻ പോലും പറ്റാത്ത സാഹചര്യമുണ്ടായത്. അത് ഒഴിവാക്കാൻ ഏത് വഴിയും അവർ സ്വീകരിക്കും. അതിനൊയൊക്കെ ജനം വളരെ ശക്തമായി പ്രതിരോധിച്ച് തോൽപ്പിക്കും.

ബിജെപിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നവരെയെല്ലാം എങ്ങനെയെങ്കിലും നേരിടണമെന്ന ചിന്തയാണ് അവർക്കുള്ളത്. രാഷ്ട്രീയപരമായി ജനാധിപത്യ രീതിയിൽ ഇടതുപക്ഷത്തെ നേരിടാൻ അവർക്ക് സാധിക്കില്ല. 6000 കോടിയലധികം രൂപയാണ് ഇവർ ഇലക്ടറൽ ബോണ്ടിലൂടെ കോർപ്പറേറ്റുകളുടെ കയ്യിൽ നിന്നും വാങ്ങിയിരിക്കുന്നത്. ഇത് പുറത്തെത്തിയത് സിപിഎം കൊടുത്ത കേസിന്റെ ഭാഗയമായാണ്. സ്വാഭാവികമായും സിപിഎം ബിജെപിയുടെ കണ്ണിലെ കരടാണ്.”