കുഴൽപ്പണമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല ''രാജ്യദ്രോഹ"മായി മാറുന്നത്: വി.ടി ബൽറാം

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷാ സുൽത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സംഭവത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എത്ര ബാലിശമായ കാരണങ്ങൾ വെച്ചാണ് “രാജ്യദ്രോഹം” പോലുള്ള ഗുരുതരമായ കേസുകൾ ചാർജ് ചെയ്യപ്പെടുന്നതെന്ന് ബൽറാം തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. കള്ളനോട്ടടിയോ കുഴൽപ്പണമോ വർഗീയ കലാപമോ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊന്നതോ ഒന്നുമല്ല മറിച്ച് ഒരു ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശമാണ് “”രാജ്യദ്രോഹ”മായി മാറുന്നതെന്നും ഇന്ത്യ ഒരു ജനാധിപത്യം തന്നെയാണോ എന്നും ബൽറാം ചോദിച്ചു.

ചാനൽ ചർച്ചയ്ക്കിടെ ഐഷാ സുൽത്താന നടത്തിയ ‘ബയോവെപ്പൺ’ (ജൈവായുധം) പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബി.ജെ.പി അധ്യക്ഷൻ നൽകിയ പരാതിയിലാണ് നടപടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷാ സുൽത്താനയ്ക്ക് എതിരെ ബിജെപി പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ്ക്കാരനാണ്, അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുമ്പോൾ താൻ ജനിച്ച മണ്ണിന് വേണ്ടി പൊരുതി കൊണ്ടിരിക്കും, നാളെ ഒറ്റപെടാൻ പോവുന്നത് ദ്വീപിനെ ഒറ്റി കൊടുത്ത ഒറ്റ്ക്കാർ ആയിരിക്കും എന്ന് ഐഷാ സുൽത്താന പ്രതികരിച്ചു.

‘ബയോവെപ്പൺ’ എന്നൊരു വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഐഷാ സുൽത്താന നേരത്തെ വ്യക്തമാക്കിരുന്നു.