വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്‌കൂളിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന കാര്യങ്ങള്‍ നടത്താന്‍ ഒരു സ്‌കൂളിനേയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിന്‍സിപ്പലിന് എങ്ങനെ കിട്ടിയെന്നും വി. ശിവന്‍കുട്ടി ചോദിച്ചു. സ്‌കൂളുകള്‍ ഏതാണെങ്കിലും എന്‍ഒസി നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഏത് മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണെങ്കിലും മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങള്‍ക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ലെന്നും ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഒസി നല്‍കുന്നതെന്നും അത് ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാനുള്ള അധികാരം കേരള-ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഗണഗീത വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അതേ നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും. ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടായെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും കുട്ടികള്‍ നിഷ്‌കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. വന്ദേഭാരത് ഉദ്ഘാടന ദിവസം വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടേതിന് സമാനമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്.
എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറോടാണ് അന്വേഷണത്തിന് വിദ്യാഭ്യാലമന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയെ വെല്ലുവിളിക്കുന്ന രീതിയിലാണ് എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ പി പ്രതികരണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അപലപനീയമാണെന്നും സ്‌കൂളിനെതിരേ നടപടിയുണ്ടാകുമെന്ന് പറഞ്ഞാല്‍ ഭയപ്പെടില്ലെന്നും ഡിന്റോ കെ പി പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നിയമപരമായി നേരിടുമെന്ന് പോലും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.ഒരു മീഡിയയുടെ ആവശ്യപ്രകാരമാണ് കുട്ടികള്‍ പാടിയതെന്നും ആദ്യം പാടിയത് വന്ദേ മാതരമാണെന്നും പിന്നീട് മലയാളം പാട്ട് പാടാമോ എന്ന് ചോദിച്ചപ്പോഴാണ് ഗണഗീതം ആലപിക്കുന്നതെന്നുമാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം. ഗണഗീതത്തില്‍ എവിടെയാണ് ദേശവിരുദ്ധതയുള്ളതെന്ന് വരെ എളമക്കര സരസ്വതി വിദ്യാനികേതന്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചുകളഞ്ഞു. നമ്മളെല്ലാം ഒറ്റമനസ്സായി നില്‍ക്കണം എന്നാണ് ഗണഗീത സന്ദേശമെന്ന് കൂടി പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലാണ് രൂക്ഷനിലപാടുമായി വിദ്യാഭ്യാസ മന്ത്രി പ്രിന്‍സിപ്പിളനെതിരെ രംഗത്ത് വന്നത്.
”ഇന്ത്യന്‍ റെയില്‍വേ അധികാരികളും അവരെ നിയന്ത്രിക്കുന്നവരും സാമാന്യ മര്യാദപോലും കാണിക്കാതെ ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചിരിക്കുകയാണ്. ഇത് അഹങ്കാരത്തിന്റെ സ്വരമാണ്. ഞങ്ങള്‍ എന്തും ചെയ്യും എന്നതിന്റെ തെളിവാണ്. ഏത് മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണെങ്കിലും മതേതരത്വത്തിനോ ജനാധിപത്യമൂല്യങ്ങള്‍ക്കോ വെല്ലുവിളിയാകുന്ന ഒരു നടപടിക്രമങ്ങളും അനുവദിക്കില്ല. ചില നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഒസി നല്‍കുന്നത്. അത് ലംഘിച്ചാല്‍ എന്‍ഒസി പിന്‍വലിക്കാനുള്ള അധികാരം കേരള-ദേശീയ വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ട്. ഗണഗീതം ദേശഭക്തി ഗാനമാണെന്ന അറിവ് എവിടെനിന്ന് കിട്ടി എന്ന് അറിയില്ല. അതടക്കം മനസ്സിലാക്കാന്‍ വേണ്ടിയാണ് അന്വേഷണത്തിന് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും പറയുന്നതനുസരിച്ചാണോ ദേശഭക്തി ഗാനം. ഇത് വിലയിരുത്തി പറയാന്‍ പ്രിന്‍സിപ്പലിന് എന്തധികാരമാണുള്ളത്’.
ഓരോരുത്തരും പറയുന്നതനുസരിച്ചാണോ ദേശഭക്തി ഗാനമെന്നും ഇത് വിലയിരുത്തി പറയാന്‍ പ്രിന്‍സിപ്പലിന് എന്തധികാരമാണുള്ളതെന്നും താക്കീതോടെ വി. ശിവന്‍കുട്ടി ചോദിക്കുന്നുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും തുടര്‍ നടപടിയുണ്ടാകുക. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാമര്‍ശത്തിലടക്കം അന്വേഷണം ഉണ്ടാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി തിങ്കളാഴ്ച മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കും.







