ബക്രീദ് ഇളവുകൾ സംബന്ധിച്ച സുപ്രീംകോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടി: വി. മുരളീധരൻ

കേരളത്തിലെ ലോക്ഡൌൺ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. സാമുദായീക പ്രീണനത്തെയാണ് സുപ്രിംകോടതി വിമർശിച്ചതെന്നും മുരളീധരൻ പറഞ്ഞു.

“”കേരളത്തിലെ ഇളവ് സംബന്ധിച്ച സുപ്രിം കോടതി വിധി പിണറായി സർക്കാരിനേറ്റ തിരിച്ചടിയാണ്. സാമുദായീക പ്രീണനത്തെയാണ് സുപ്രിംകോടതി വിമർശിച്ചത്. വിദഗ്ധരുടെ അഭിപ്രായത്തെ മാനിക്കാതെ സർക്കാർ പുതിയ നിയമം ഉണ്ടാക്കുന്നു. ഏത് വിദഗ്ധരുടെ അഭിപ്രായമാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണം””-  വി മുരളീധരൻ ആവശ്യപ്പെട്ടു.

ബക്രീദ് ഇളവുകൾ സംബന്ധിച്ച സർക്കാർ സത്യവാങ്മൂലത്തിലെ വിശദീകരണത്തിൽ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സത്യവാങ്മൂലത്തിന് അനുബന്ധമായി സമർപ്പിച്ച രേഖകളിലെ വിവരങ്ങൾ അസത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.