ഫാ. റോയ് കണ്ണൻചിറയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല; തെളിവുണ്ടെങ്കിൽ പരാതി നൽകട്ടെയെന്ന് വി മുരളീധരൻ

ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്ന കത്തോലിക്ക വൈദികൻറെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്​തുത അറിയൂവെന്നും മുരളീധരൻ മാധ്യമങ്ങളോട്​ പറഞ്ഞു. തെളിവുണ്ടെങ്കിൽ നിയമപരമായി പരാതി നൽകണം. പാല ബിഷപിനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാറാണ്​ വിവരം കേന്ദ്രത്തിന്​ കൈമാറേണ്ടത്. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ വിദ്വേഷ പ്രസ്താവന.

‘കോട്ടയത്തിനടുത്ത ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനിടെ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലൗ ജിഹാദിനെ പറ്റിയും നർകോട്ടിക് ജിഹാദിനെ പറ്റിയും നമ്മൾ കൂടുതൽ സംസാരിക്കുന്നുണ്ട്. അതോടൊപ്പം, മറ്റിടങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുന്നുണ്ട്. ഇതിനായി പദ്ധതികൾ ആവിഷ്കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതായി വരെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടുപോകുവാൻ ശത്രുക്കൾ നടത്തുന്ന മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമ്മുടെ മക്കളെ വിശ്വാസത്തിൽ നിലനിർത്താൻ കഴിയുന്നില്ല’ -ഫാ. റോയി കണ്ണന്‍ചിറ പറയുന്നു.

നാർക്കോട്ടിക് ജിഹാദ് സംബന്ധിച്ച പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവന ഉയർത്തിയ വിവാദങ്ങൾക്കിടെയാണ് പുതിയ ആരോപണങ്ങൾ.