ശ്രീനാരായണ ഗുരു പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ട് തന്നെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടി പറയാനില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കുമെന്നും വി ഡി സതീശന്‍ വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപത്തിനെതിരെ മാധ്യമപ്രവര്‍ത്തകരോട് തിരുവനന്തപുരത്ത് പ്രതികരിച്ചു.
തന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്നും തന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ഒപ്പം താന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞതെന്ന ചോദ്യവും വി ഡി സതീശന്‍ തൊടുത്തു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനാണ് വിഡി സതീശനെന്നും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മാന്യതയും മര്യാദയും കൊടുത്ത് സംസാരിക്കുന്നുണ്ടോയെന്നുമാണ് വെള്ളാപ്പള്ളി വി ഡി സതീശനെ അധിക്ഷേപിച്ചത്. ഈഴവ വിരോധിയാണ് വിഡി സതീശനെന്നും ഈഴവനായ കെ സുധാകരനെ ഒതുക്കി മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം.
‘വെള്ളാപ്പള്ളിക്ക് മറുപടിയില്ല. എന്റെ നിയോജക മണ്ഡലത്തിലെ 52 ശതമാനം വോട്ടര്‍മാരും ഈഴവ സമുദായത്തില്‍പ്പെട്ടവരാണ്. എന്നെ ഏറ്റവും അടുത്ത് അറിയാവുന്നത് എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരാണ്. ഞാന്‍ എന്ത് ഈഴവ വിരോധമാണ് പറഞ്ഞത്? ഞാന്‍ ശ്രീനാരായണ ഗുരുദേവനെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ വിശ്വസിക്കുന്ന ശ്രീനാരായണ പ്രചാരകന്‍ കൂടിയാണ്. ശ്രീനാരായണ ഗുരുദേവന്‍ എന്താണോ പറയാന്‍ പാടില്ലെന്നു പറഞ്ഞിരിക്കുന്നത് അത് അദ്ദേഹം പറയുന്നു എന്ന പരാതി മാത്രമെ വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ളൂ. ആര് കേരളത്തില്‍ വര്‍ഗീയത പറഞ്ഞാലും അതിനെ എതിര്‍ക്കും. വിദ്വേഷ കാമ്പയിന്‍ നടത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ പറയും. തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെടുക്കുകയാണ്. നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരും’.
Read more
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ തിരഞ്ഞെടുപ്പിന് യു.ഡി.എഫ് തയാറെടുക്കുകയാണെന്നും നൂറിലധികം സീറ്റുമായി ടീം യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവര്‍ത്തിച്ചു.







