ജനമിളകി, ഹൈക്കമാന്‍ഡ് മെരുങ്ങി; വി ഡി സതീശന്‍ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രിയായി നീണ്ട ചര്‍ച്ചകള്‍ക്കും ജനരോഷ പ്രകടനങ്ങള്‍ക്കും ഒടുവില്‍ വി ഡി സതീശനെ പ്രഖ്യാപിച്ച് എഐസിസി.  സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ്  ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.

കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള എംഎല്‍എമാരെ വെച്ചുള്ള വിലപേശല്‍ കേരളത്തിലെ ജനവികാരം കണ്ട ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും പ്രഖ്യാപനത്തിന് മുമ്പ് ദീര്‍ഘമായി സംസാരിച്ചിരുന്നു.

പ്രതിപക്ഷ നേതാവായി 5 വര്‍ഷം യുഡിഎഫിനെ നയിച്ച വി ഡി സതീശനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സ്വാഭാവിക സ്ഥാനാര്‍ത്ഥിയെങ്കിലും മുഖ്യമന്ത്രി മോഹം വെച്ചു കോണ്‍ഗ്രസിന്റെ സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ നീക്കങ്ങളാണ് തീരുമാനം 11ാം ദിവസം വരെ വൈകിപ്പിച്ചത്. മുസ്ലീം ലീഗ് അടക്കം യുഡിഎഫ് ഘടകകക്ഷികള്‍ ശക്തമായി പ്രതിപക്ഷ നേതാവിന് വേണ്ടി വാദിച്ചപ്പോള്‍ ഹൈക്കമാന്‍ഡിന് ജനവികാരം കണ്ടില്ലെന്ന് നടിക്കാനായില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം അണികള്‍ തെരുവിലിറങ്ങി ഗ്രൂപ്പുകളിച്ച എംഎല്‍എമാരെ വരെ തടഞ്ഞു വിഡിയ്ക്ക് വേണ്ടി നില കൊണ്ടതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. ഒടുവില്‍ ജനവികാരം മാനിച്ച് ഹൈക്കമാന്‍ഡ് വിഡിയിലേക്ക് എത്തുകയായിരുന്നു.

Read more

ഹൈക്കമാന്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞതിന് ശേഷം ഘടകക്ഷി നേതാക്കളെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഫോണ്‍ വിളിച്ചു. രമേശ് ചെന്നിത്തലയുമായുള്ള രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ സംഭാഷണം 30 മിനിറ്റിലേറെ നീണ്ടെന്ന് വിവരം.രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലുമായുള്ള ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.തീരുമാനം കെ.സി. വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അറിയിച്ചു. തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയ്ക്കും രാഹുലിന്റെ ഫോണ്‍കോളെത്തി. കൊച്ചിയില്‍ നിന്നും രാവിലെ യാത്ര തിരിച്ച വി.ഡി. സതീശന്‍ കന്റോണ്‍മെന്റ് ഹൗസിലെത്തിയിരുന്നു. രമേശ് ചെന്നിത്തല വീട്ടിനുള്ളിലെ മുറിയിലാണ്. അദ്ദേഹത്തിനൊപ്പം ജ്യോതികുമാര്‍ ചാമക്കാലയും അന്‍വര്‍ സാദത്ത് എംഎല്‍എയും ഉണ്ട്. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍വച്ച് രാഹുല്‍ ഗാന്ധിയുമായി കെ.സി.വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍വച്ച് ഒന്നര മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.