മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്തിയത് സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തി; വി ഡി സതീശൻ

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്തിയത് സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണ്ണൂരിലെ കർഷക ആത്മഹത്യയെ പരാമർശിച്ചായിരുന്നു വിമർശനം. നടുവില്‍ പഞ്ചായത്ത് പാത്തന്‍പാറ നൂലിട്ടാമലയില്‍ ഇടപ്പാറക്കല്‍ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലാമത്തെ കര്‍ഷക ആത്മഹത്യയാണ് ഉണ്ടായത്. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കര്‍ഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്പ തിരിച്ചടയ്ക്കാന്‍ പോലും സാധിക്കാതെ പല കര്‍ഷകരും കൂടുതല്‍ കടക്കെണിയില്‍ അകപ്പെടുകയാണ്.

ലക്ഷക്കണക്കിന് കര്‍ഷക കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. ഇത്രയേറെ ഭീതിതമായ അവസ്ഥ നിലനില്‍ക്കുമ്പോഴും കര്‍ഷകരെയും കാര്‍ഷിക മേഖലയെയും പിണറായി സര്‍ക്കാര്‍ പൂര്‍ണമായും അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂരിലെ ജോസ്.

പലിശയ്ക്ക് പണമെടുത്ത് കൃഷിയിറക്കുന്ന കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ആത്മഹത്യ മുനമ്പില്‍ നിര്‍ത്തിയിട്ടാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഖജനാവിലെ പണമെടുത്ത്, ഒരു കോടി രൂപയുടെ ബസില്‍ നവകേരള സദസെന്ന അശ്ലീല നാടകം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂര്‍ത്തടിച്ച പണമെങ്കിലും പാവങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ജോസ് ഉള്‍പ്പെടെയുള്ളവരുടെ ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു.

Read more

കര്‍ഷകര്‍ക്കും വയോധികര്‍ക്കും സാധാരണക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലെ കര്‍ഷക പെന്‍ഷന്‍ നല്‍കിയിട്ടും മാസങ്ങളായി. കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണമെന്നും വിഡി സതീശൻ പറഞ്ഞു.