'അന്ന് സിഎച്ചിന്റെ തൊപ്പി, ഇന്ന് പതാക'; ലീഗിന്റെ പതാക വിഷയത്തില്‍ പ്രതികരിച്ച് വി അബ്ദുറഹ്‌മാന്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് പതാകകള്‍ ഉയര്‍ത്താന്‍ സാധിക്കാത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍. മുന്‍പ് കോണ്‍ഗ്രസ് ലീഗിന്റെ തൊപ്പി ഊരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സിഎച്ച് മുഹമ്മദ് കോയയുടെ തൊപ്പി ഊരിയ കഥകളുണ്ട്. ഇന്ന് അത് കൊടിയാണെന്നും അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

പതാക ഉയര്‍ത്താന്‍ ലീഗിന് അനുവാദമില്ല. കേരളത്തില്‍ ഉയര്‍ത്താന്‍ സാധിക്കാത്ത പതാക എങ്ങനെ ഉത്തരേന്ത്യയില്‍ ഉയര്‍ത്തുമെന്നും മന്ത്രി ചോദിച്ചു. എത്രയോ കാലമായി കോണ്‍ഗ്രസിന്റെ ഘടകകക്ഷിയാണ് ലീഗ്. മുസ്ലീം ലീഗിന്റെ പതാക ഉയര്‍ത്തിയാല്‍ എന്ത് നഷ്ടം വരുമെന്നും വി അബ്ദുറഹ്‌മാന്‍ ചോദിക്കുന്നു.

ആര്‍എസ്എസിനും ബിജെപിയ്ക്കും അതൃപ്തിയുണ്ടാക്കുന്നതൊന്നും ചെയ്യില്ലെന്ന നിര്‍ബന്ധിത ബുദ്ധിയാണ് കോണ്‍ഗ്രസിന്റേത്. ഇത് മനസിലാക്കാനുള്ള സാമാന്യ ബുദ്ധി ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടുകളിലെ വിശ്വാസ്യത കുറവ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്നും വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.