അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധിച്ച് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ പങ്ക് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയം നോട്ടീസില്‍ ഇല്ല എന്ന് പറഞ്ഞ് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

കേസിനെ സര്‍ക്കാര്‍ ഭയപ്പെടുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം ആരംഭിച്ചു.

അതേ സമയം ഗവര്‍ണറുടെ നയപ്രഖ്യാപനത്തെ തുടര്‍ന്നുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് പൂര്‍ത്തിയാകും. ശേഷം ഇന്ന് സഭ താത്ക്കാലികമായി പിരിയും. രണ്ടു ഘട്ടമായി നടക്കുന്ന സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ബജറ്റ് സമ്മേളനത്തിന് ചേരും. മാര്‍ച്ച് 11 ആണ് ബജറ്റ് അവതരണം.