'സ്ത്രീ സുരക്ഷ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ്'; മുഖ്യമന്ത്രിക്ക് പകരം മറുപടി നൽകി ആരോഗ്യമന്ത്രി, പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി

നിയമസഭയിൽ സ്ത്രീ സുരക്ഷ വിഷയത്തിലെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ഏത് കേസാണെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ അതിക്രമം നടത്തുന്ന ഒരാളേയും സംരക്ഷിക്കില്ലെന്ന് മന്ത്രി പറഞ്ഞു. മുഖംനോക്കാതെ നടപടിയെടുക്കും. ഇതിൽ സർക്കാരിന് ഒരുനിലപാടേയുള്ളൂവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കെ കെ രമയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

അടിയന്തിര പ്രമേയ നോട്ടീസിന് ആരോഗ്യ മന്ത്രി വീണ ജോര്‍ജാണ് മുഖ്യമന്ത്രിക്ക് പകരം മറുപടി നൽകിയത്. പൂച്ചാക്കലിൽ ദളിത് ദളിത് യുവതിക്കുനേരെയുണ്ടായ അക്രമത്തിൽ കേസ് എടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. കുസാറ്റിലെ കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ സിൻഡിക്കേറ്റ് അംഗം യുവതിയോട് അതിക്രമം കാണിച്ച സംഭവത്തിൽ ഇന്റേണൽ കംപ്ലൈയ്ൻ്റ്സ്‌ കമ്മിറ്റിയുടെ അന്വേഷണം അവസാനഘട്ടത്തിലാണെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്നത് വീണ ജോര്‍ജാണെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. അതേസമയം ആരോഗ്യ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് നടപടി എടുക്കാത്തതും കാലടി കോളേജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ നടപടി എടുക്കാത്തതും സംബന്ധിച്ച് കെ കെ രമ നിയമസഭയിൽ ഉന്നയിച്ചു. സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് കെ കെ രമ ഉന്നയിച്ചത്. പ്രശ്നങ്ങളെ സർക്കാർ ലാഘവത്തോടെയാണ് എടുക്കുന്നത്. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് ഇതിന് ഉദാഹരണമാണെന്നും കെ കെ രമ പറഞ്ഞു.

വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യാൻ അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് കെ കെ രമ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്നും കെ കെ രമ കുറ്റപ്പെടുത്തി.