ഒടുവിൽ നടപടി; സിദ്ധാര്‍ഥന്റെ മരണത്തിൽ സര്‍വകലാശാല ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സര്‍വകലാശാല ഡീന്‍ എംകെ നാരായണനും അസിസ്റ്റന്റ് വാർഡൻ കെ കാന്താനാഥനും സസ്‌പെൻഷൻ. ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ വിസിയാണ് സസ്‍പെൻഡ് ചെയ്തത്.

ഇരുവര്‍ക്കും സംഭവത്തിൽ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇരുവരും മറുപടി നല്‍കിയത്. സിദ്ധാര്‍ത്ഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ ഇടപെട്ടിരുന്നുവെന്നും നിയമപ്രകാരം എല്ലാം ചെയ്തുവെന്നുമാണ് നല്‍കിയ മറുപടി. പോസ്റ്റ് മോര്‍ട്ടം അടക്കം നടക്കുമ്പോള്‍ നേരിട്ട് ചെന്നിരുന്നുവെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിസി അറിയിച്ചത്.

അതേസമയം നടപടി സസ്പെന്‍ഷനില്‍ ഒതുക്കരുതെന്നും ഡീനിനെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും സിദ്ധാര്‍ഥിന്‍റെ അച്ഛന്‍ ജയപ്രകാശന്‍ ആവശ്യപ്പെട്ടു. പ്രതി ചേര്‍ത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.