വധശ്രമം അറിഞ്ഞു കൊണ്ട് ചെയ്തതല്ല; കോളജില്‍ നടന്നത് വെറും അടിപിടിയെന്ന് ശിവരഞ്ജിത്തും നസീമും; ജാമ്യം നിഷേധിച്ച് കോടതി

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന അക്രമത്തില്‍ പ്രതികളായ ആര്‍. ശിവരഞ്ജിത്തിനും എ.എന്‍ നസീമിനും ജാമ്യം നിഷേധിച്ച് കോടതി. വെറും അടിപിടി മാത്രമാണ് കോളജില്‍ നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ ആര്‍ ശിവരഞ്ജിത്തും എ. എന്‍ നസീമും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദില്‍, അദ്വൈത് എന്നീ പ്രതികള്‍ നല്‍കിയ അപേക്ഷയും കോടതി തള്ളി.

ക്യാമ്പസില്‍ ഉണ്ടായത് സാധാരണ അടിപിടി കേസാണെന്ന ഇവരുടെ വാദത്തെ പോലീസ് എതിര്‍ത്തിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ശിവരഞ്ജിത്തും നസീമും. വധശ്രമം അറിഞ്ഞു കൊണ്ട് ചെയ്ത കുറ്റകൃത്യമല്ലെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ തെളിവെടുപ്പും പൂര്‍ത്തിയായി അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് ഇരുപ്രതികളും കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ അപേക്ഷയെ ആണ് പൊലീസ് എതിര്‍ത്തത്. പ്രതികള്‍ യൂണിവേഴ്സിറ്റി കോളജില്‍ വര്‍ഷങ്ങളായി പഠിക്കുന്നവരും എസ്.എഫ്.ഐ  നേതാക്കളുമാണെന്നും ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ വീണ്ടും നഗരമധ്യത്തിലുള്ള ക്യാമ്പസിലെത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

അതുകൂടാതെ പത്തിലേറെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ക്ക് സംരക്ഷണമൊരുക്കാനും ഈ പ്രതികള്‍ക്ക് സാധിക്കുമെന്നും ജാമ്യാപേക്ഷ നിരസിക്കാനുള്ള കാരണമായി പൊലീസ് ചൂണ്ടിക്കാട്ടി. പൊലീസിന്റെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അടുത്തമാസം നടക്കുന്ന സര്‍വകലാശാല പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോകണമെന്നായിരുന്നു ആദിലിന്റെയും അക്ഷയുടെയും ആവശ്യം. എന്നാല്‍ പ്രിന്‍സിപ്പലിന്റെ വിശദീകരണ കത്ത് ഉള്‍പ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി ഇരുവരോടും ആവശ്യപ്പെട്ടു.