ഏകീകൃത കുര്‍ബാനക്രമം; അനിശ്ചിതകാല ഇളവ് പിന്‍വലിക്കണമെന്ന് വത്തിക്കാന്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ഏകീകൃത കുര്‍ബാന ക്രമം സംബന്ധിച്ച് അന്ത്യശാസനയുമായി വത്തിക്കാന്‍. ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നതിന് അനിശ്ചിതകാല ഇളവ് ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയലിന് നിര്‍ദ്ദേശം നല്‍കി.

അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കാത്തതില്‍ നേരത്തെയും വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകീകൃത കുര്‍ബാനയക്ക് സമയപരിധിയില്ലാതെ ഇളവ് നല്‍കിയത് ചട്ട വിരുദ്ധമാണെന്നും വത്തിക്കാന്‍ അറിയിച്ചിരുന്നു.

കുര്‍ബാന ഏകീകരണത്തിനെതിരെ നിരവധി വൈദികര്‍ നിരാഹാര സമരം നടത്തിയിരുന്നു. അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്ന തീരുമാനം ലംഘിക്കാന്‍ വ്യക്തികള്‍ക്കോ രൂപതകള്‍ക്കോ അധികാരമില്ലെന്നാണ് സിനഡ് വ്യക്തമാക്കിയിരുന്നെങ്കിലും സിനഡിന്റെ നിര്‍ദ്ദേശം തള്ളി ജനാഭിമുഖ കുര്‍ബാന തന്നെ തുടരുമെന്നും രൂപതാ അധ്യക്ഷന്‍ അറിയിച്ചിരുന്നു.