കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കണം; വ്യാവസായിക അനുകൂല അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ശശി തരൂര്‍

കേരളത്തില്‍ ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ നിയമം പാസാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംസ്ഥാനം വ്യവസായത്തിന് തടസം നില്‍ക്കുന്ന നിയമങ്ങള്‍ പുനഃപരിശോധിക്കണം. വ്യവസായത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിന് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണം. സിങ്കപ്പൂരില്‍ ഒരു സംരംഭം ആരംഭിക്കാന്‍ മൂന്ന് ദിവസം മതിയാകുമ്പോള്‍ ഇന്ത്യയില്‍ അതിന് 120 ദിവസവും കേരളത്തില്‍ 200ല്‍ അധികം ദിവസവും ആവശ്യമായി വരുന്നുവെന്നും തരൂര്‍ കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷത്തില്‍ പത്ത് ലക്ഷം യുവാക്കള്‍ നാടുവിടും. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണ്. വിദ്യാഭ്യാസവും കഴിവുമുള്ള യുവാക്കളാണ് തൊഴിലില്ലാതെ വലയുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ദേശീയതലത്തില്‍ കേരളത്തിലെ തൊഴിലില്ലായ്മ നാല്‍പ്പത് ശതമാനമാണെന്നും എംപി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തിന് മാറ്റം വരണമെന്ന് പറഞ്ഞ ശശി തരൂര്‍ സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ ഗുരുതര പ്രതിസന്ധി നേരിടുന്നതായും ആരോപിച്ചു. സര്‍ക്കാരിന്റെ കൈയില്‍ ചില്ലി കാശില്ല. എല്ലാ ഓണത്തിനും കടമെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. നമ്മുടെ കുട്ടികളും പേരക്കുട്ടികളും ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.