അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധി; തോല്‍വി സമ്മതിക്കുന്നുവെന്ന് സി.പി.എം

തൃക്കാക്കരയിലെ ജനവിധി അംഗീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍,മോഹനന്‍. തോല്‍വി സമ്മതിക്കുന്നുവെന്നും അവിശ്വസനീയവും അപ്രതീക്ഷിതവുമായ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും ഭരണം വിലയിരുത്തപ്പെടാന്‍ ഇത് സംസ്ഥാന തിരഞ്ഞെടുപ്പ് അല്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നതിന് ഒപ്പം പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുമെന്നും പ്രചാരണം നടത്തിയത് വന്‍രീതിയിലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം തൃക്കാക്കരിയല്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് മുന്നേറുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ലീഡ് നില 42,685 വോട്ട് പിന്നിട്ടിരിക്കുകയാണ്.

തൃക്കാക്കരയിലേത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനുമേറ്റ തിരിച്ചടിയാണെന്ന് മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനവിധിയെ മാനിച്ച് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.