'റ്റാറ്റാ ബൈബൈ', ട്രോളുകളില്‍ നിറഞ്ഞു മടക്കം; ബ്രിട്ടന്റെ എഫ് 35 ബി എയര്‍ ഇന്ത്യ ഹാങ്ങറില്‍ നിന്ന് പുറത്തെത്തി; പരീക്ഷണ പറക്കലിന് ശേഷം നാട് വിടും

തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടണിന്റെ അമേരിക്കന്‍ നിര്‍മിത എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. പരീക്ഷണ പറക്കലിന് ശേഷം ബ്രിട്ടന്റെ യുദ്ധവിമാനം കേരളത്തില്‍ നിന്ന് റോയല്‍ എയര്‍ഫോഴ്‌സിന്റെ തട്ടകത്തിലേക്ക് മടങ്ങും. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യയുടെ ഹാങ്ങറില്‍ നിന്ന് വിമാനത്തെ പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചുകഴിഞ്ഞു. ഇനി പരീക്ഷണ പറക്കല്‍ നടത്തി പിഴവില്ലെന്ന് ഉറപ്പാക്കി എഫ് 35 ഇന്ത്യന്‍ ആകാശ അതിര് കടന്ന് യുകെയിലേക്ക് തിരിക്കും.

തിരുവനന്തപുരത്തെ അടിയന്തര ലാന്‍ഡിങിന് ശേഷം ഒരു മാസത്തിന് ശേഷമാണ് എഫ് 35 ബി കേരളം വിടുന്നത്. കേരള ടൂറിസം വകുപ്പടക്കം ഈ സാഹചര്യം കൃത്യമായി പരസ്യത്തിന് മുതലെടുത്തത് ലോകത്തെമ്പാടും വാര്‍ത്തയായിരുന്നു. കേരളം ഇഷ്ടപ്പെട്ടതിനാല്‍ മടങ്ങി പോകാതെ ഇവിടെ കൂടുന്ന സഞ്ചാരി എന്ന നിലയില്‍ പല ട്രോള്‍ ഗ്രൂപ്പുകളിലും പരസ്യങ്ങളിലും എഫ് 35ബി പ്രത്യക്ഷപ്പെട്ടു.

ചിലര്‍ മുണ്ടുടുപ്പിച്ചു, ചായക്കടയ്ക്ക് മറയാക്കിയുമെല്ലാം തനി നാട്ടുമ്പുറത്തുകാരനാക്കാനും ശ്രമിച്ചു. ഒടുവില്‍ ട്രോളുകള്‍ക്കും മലയാളക്കരയുടെ തനിനാടന്‍ രൂപത്തിനുമെല്ലാം വിടനല്‍കി ബ്രിട്ടന്റെ യുദ്ധ വിമാനം കേരളം വിടുകയാണ്.

ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്‌സിലറി പവര്‍ യൂണിറ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങളും ബ്രിട്ടനില്‍ നിന്നെത്തിയ സംഘം പരിഹരിച്ചു. സി.ഐ.എസ്.എഫ്. കമാന്‍ഡോകള്‍, എയര്‍ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാര്‍, ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുടെ അകമ്പടിയോടെ വിമാനത്തെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നു. ബ്രിട്ടണില്‍ നിന്നെത്തിച്ച ടോ ബാര്‍ ഉപയോഗിച്ച് വിമാനത്തെയും ട്രാക്ടറിനെയും ബന്ധിച്ചാണ് വിമാനം കൊണ്ടുപോകുന്നത്.

എപ്പോഴാണ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതെന്നതു സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷമുള്ള പരീക്ഷണ പറക്കല്‍ ഇന്ന് നടത്തിയതിന് ശേഷമാണ് എഫ്-35 വിമാനം യു.കെയിലേക്ക് പോകൂ.

ജൂണ്‍ 14ന് ആണ് ബ്രിട്ടന്റെ യുദ്ധവിമാനമായ എഫ് 35 ബി തിരുവനന്തപുരത്ത് ഇറക്കിയത്. ഇന്ധനക്കുറവിനെത്തുടര്‍ന്നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി എഫ് 35 ഇറക്കിയതെങ്കിലും പിന്നീട് വിമാനത്തിന്റെ ആക്‌സിലറി പവര്‍ യൂണിറ്റിലുണ്ടായ തകരാറാണ് വിമാനത്തിന് പറക്കാന്‍ സാധിക്കാത്തതിനു കാരണമെന്ന് തിരിച്ചറിഞ്ഞു.

എഫ് 35 ബിയുടെ മാതൃകപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സില്‍നിന്ന് ഏഴുപേരടങ്ങുന്ന സാങ്കേതിക സംഘം ആദ്യം എത്തി പരിശോധിച്ചെങ്കിലും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. രണ്ടു തവണ എന്‍ജിന്‍ ഓണാക്കി ശ്രമിച്ചെങ്കിലും വിമാനം പറന്നുയര്‍ന്നില്ല. ഇന്ത്യന്‍ മണ്ണില്‍ യുദ്ധവിമാനത്തിന്റെ ദീര്‍ഘകാല സാന്നിധ്യം ജിജ്ഞാസ ഉണര്‍ത്തുകയും, ഇത്രയും ആധുനികമായ ഒരു വിമാനം എങ്ങനെയാണ് ഒരു വിദേശ രാജ്യത്ത് ഇത്രയും കാലം കുടുങ്ങിക്കിടക്കുന്നത് എന്ന ചോദ്യങ്ങളും ഉയര്‍ത്തുകയും ചെയ്തു. പിന്നീട് ബ്രിട്ടിഷ് സാങ്കേതിക വിദഗ്ധര്‍ എത്തിയാണ് പ്രശന്ങ്ങള്‍ പരിഹരിച്ചത്. ജൂണ്‍ 14ന് ലാന്‍ഡ് ചെയ്ത വിമാനം ജൂലൈ പാതി പിന്നിട്ടിട്ടും കൊണ്ടുപോകാനാകാത്തത് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.

Read more