യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായി; ഡല്‍ഹി സമരത്തിന് ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുത്തില്ല; എല്ലാ ജനം തിരിച്ചറിയുമെന്ന് ഇപി ജയരാജന്‍

കേരളത്തിന് വേണ്ടിയുള്ള സമരത്തില്‍ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാന്‍ തയാറായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയും. ഡല്‍ഹി സമരം ചരിത്ര സംഭവമായി മാറി.

ഡല്‍ഹിയില്‍ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്. ബിജെപി ഇതര സര്‍ക്കാരുകളെല്ലാം സമരത്തെ അനുകൂലിച്ചു. ഇത് കേന്ദ്ര അവഗണന മനസിലാക്കി ആണ്. ബിജെപി ഇതര സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനാണ് ഇഡിയെ കേന്ദ്രം ഉപയോഗിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെല്ലാം ഇ ഡി അന്വേഷണം നടക്കുന്നു. ഇത് പ്രത്യക്ഷത്തില്‍ തന്നെ രാഷ്ട്രീയപ്രേരിതമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഭവനരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരം പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അവഗണനയിലൂടെ ശ്രമിക്കുന്നത്.

ജിഎസ്ടി നടപ്പാക്കിയപ്പോള്‍ എല്ലാ നികുതി പിരിവും കേന്ദ്രം കൈയടക്കി. കേന്ദ്രധനമന്ത്രി കേരളത്തോട് ചെയ്തത് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.