യു.ഡി.എഫ് കൊടുങ്കാറ്റില്‍ പിടിച്ചു നിന്നത് നാല് മന്ത്രിമാരുടെ മണ്ഡലങ്ങള്‍ മാത്രം, പതിന്നാല് മണ്ഡലങ്ങളില്‍ രണ്ടാമതും, രണ്ട് മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തും

17-ാെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നാല് മന്ത്രിമാരുടെ നിയമസഭ മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. എന്നാല്‍ മറ്റ് മന്ത്രിമാരുടെ മണ്ഡലങ്ങളിലും യുഡിഎഫിന് മുമ്പില്‍ എല്‍ഡിഎഫ് തോറ്റമ്പി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ മണ്ഡലമായ കാഞ്ഞങ്ങാട്, സിവില്‍ സപ്ലൈസ് മന്ത്രിയായ പി തിലോത്തമന്റെ മണ്ഡലമായ ചേര്‍ത്തല, വ്യവസായ മന്ത്രി ഇപി ജയരാജന്റെ മണ്ഡലമായ മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ഇടതുമുന്നണി വിജയിച്ചത്.

എന്നാല്‍ കൃഷി മന്ത്രി സുനില്‍കുമാറിന്റെ മണ്ഡലമായ തൃശൂരിലും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. ബിജെപിയാണ് ഇവിടെയെല്ലാം രണ്ടാം സ്ഥാനത്ത്.

തോമസ് ഐസക് (ആലപ്പുഴ), ജി. സുധാകരന്‍ (അമ്പലപ്പുഴ), എ.കെ ബാലന്‍ (തരൂര്‍), എ.സി മൊയ്തീന്‍ കുന്ദമംഗലം, സി. രവീന്ദ്രന്‍ (പുതുക്കാട്), ടി. പി രാമകൃഷ്ണന്‍ (പേരാമ്പ്ര), മെഴ്സികുട്ടിയമ്മ (കുണ്ടറ), കെ.ടി ജലീല്‍ (തവനൂര്‍) കെ. രാജു (പുനലൂര്‍), കൃഷ്ണന്‍കുട്ടി ( ചിറ്റൂര്‍), രാമചന്ദ്രന്‍ കടന്നപ്പള്ളി (കണ്ണൂര്‍), എം.എം മണി (ഉടുംമ്പുംചോല), ശശീന്ദ്രന്‍ (ഏലത്തൂര്‍) എന്നീ മന്ത്രിമാരുടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെട്ടു.

ചുരുക്കത്തില്‍ കേരളത്തിലെ 121 നിയമസഭാ സീറ്റുകളിലാണ് യുഡിഎഫ് മുന്നിലെത്തിയത്. ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ജനപിന്തുണ സാങ്കേതികം മാത്രമായി. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേവലം 18 നിയമസഭ സീറ്റില്‍ മാത്രമാണ് ഇടതുപക്ഷം മുന്നിലെത്തിയത്.

അതെസമയം എന്‍ഡിഎയ്ക്കും കനത്ത നിരാശ സമ്മാനിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കേരളത്തില്‍ ആകെ മുന്നിലെത്താനായത് നേമം നിയമസഭ മണ്ഡലത്തില്‍ മാത്രം.