സോളാർ കേസ് ഗൂഢാലോചന: കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്കുള്ള യുഡിഎഫ് മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി വീശി

സോളാർ പീഡന കേസിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പത്തനാപുരത്ത് കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്. കെബി ഗണേഷ് കുമാർ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് നടന്ന മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.

കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധ മാർച്ച് യുഡിഎഫ് കൺവീനർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുൻപുതന്നെ സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. നേതാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പ്രവർത്തകർ ശാന്തരായില്ല. മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ, പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പ്രവർത്തകർ പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

സോളാർ പീഡനക്കേസിന്റെ മുഖ്യ ആസൂത്രകൻ ഗണേഷ് കുമാറാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ കെബി ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ റിപ്പോർട്ടിൽ ഉള്ളത്.