വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ; സേവനം എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രം

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ദിനത്തില്‍ പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ. ഈ സൗജന്യ സേവനം ഊബർ ആപ്പിലെ കാർ, ഓട്ടോ എന്നീ വിഭാഗങ്ങളിൽ ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സേവനം ലഭിക്കുക.

വോട്ടർമാര്‍ കയറുന്നിടത്തുനിന്ന് രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകൾ പൂർണ്ണമായും സൗജന്യമായിരിക്കും. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള തുക നൽകണം. ബുക്കിങ്ങിനായി ഊബർ ആപ്പിൽ ‘Travel to your polling booth for free’ എന്ന ഓപ്ഷൻ കാണാൻ കഴിയും.

എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിൽ ലഭ്യമാക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നും തിരിച്ചും ഊബറിൽ സൗജന്യമായി വീട്ടിലേക്ക് മടങ്ങാനാകും. എല്ലാ വോട്ടർമാർക്കും സേവനം പ്രയോജനപ്പെടുത്താം.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസുമായി സഹകരിച്ചാണ് ഊബർ ഇന്ത്യ സൗജന്യ യാത്ര നടപ്പാക്കുന്നത്. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവർക്കും സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരമൊരുക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം.