ടൈഫോയ്ഡ് വാക്‌സിന്‍ എത്തി; വില 95 രൂപ മാത്രം

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് നിര്‍ബന്ധമാക്കിയ ടൈഫോയ്ഡ് വാക്‌സീന്‍ സര്‍ക്കാര്‍ മേഖലയില്‍ വിതരണത്തിനെത്തി. ഇരുപതിനായിരം ഡോസ് വാക്‌സീനാണ് എത്തിച്ചിരിക്കുന്നത്. കാരുണ്യ ഫാര്‍മസികള്‍ വഴി വില്‍ക്കുന്ന വാക്‌സീന്റെ വില 95 രൂപ മാത്രമാണ്.

20,800 ഡോസ് വാക്‌സീനാണ് ലഭ്യമാക്കിയത്. 13,900 ഡോസ് തിരുവനന്തപുരം, എറണാകുളം റീജിയണുകളില്‍ വില്പനയ്‌ക്കെത്തിച്ചു. 6900 ഡോസ് കോഴിക്കോട് മേഖലയിലും ലഭ്യമാക്കി. ഇത് തീരുന്ന മുറയ്ക്ക് കൂടുതല്‍ മരുന്നെത്തിക്കുമെന്ന് കെ.എം.സി.എല്‍ അറിയിച്ചു.

ഇരുന്നൂറു രൂപയില്‍ താഴെ വിലയുളള വാക്‌സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്‌സീന്‍ മാത്രം സ്വകാര്യമേഖലയില്‍ വില്‍പന നടത്തിയ മരുന്നുകടക്കാരുടെ കൊളള വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

5 ജീവനക്കാരുളള ഹോട്ടലിന് ചെലവ് പതിനായിരം കടന്നതോടെ വാക്‌സീന്‍ എടുക്കില്ലെന്ന നിലപാടിലേയ്ക്കും ഹോട്ടലുടമകള്‍ എത്തിയിരുന്നു. വാക്‌സീന്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമായതോടെ ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.