അട്ടപ്പാടിയില്‍ കോവിഡ് ബാധിച്ച് രണ്ട് വയസുകാരന്‍ മരിച്ച സംഭവം: കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ കുടുംബം

അട്ടപ്പാടിയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. കടുത്ത പനിയുണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ മടക്കി അയച്ചുവെന്ന് കുടംബം ആരോപിച്ചു. എന്നാല്‍ വീഴ്ച സംഭവിച്ചട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നല്‍കുന്ന വിശദീകരണം.

ശനിയാഴ്ച പുലര്‍ച്ചെയാണ് അട്ടപ്പാടി അബ്ബനൂര്‍ സ്വദേശികളായ ഷൈജു-സരസ്വതി ദമ്പതികളുടെ മകന്‍ സ്വാതിഷ് മരിച്ചത്. പനിയെ തുടര്‍ന്ന് ആദ്യം അഗളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലും കൊണ്ടുവന്നു. എന്നാല്‍ മരുന്ന് നല്‍കിയ ശേഷം തിരിച്ചയക്കുകയായിരുന്നു. കിടത്തി ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചുവെന്ന് കുടുംബം പറഞ്ഞു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

കുട്ടിയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൊണ്ടു ചെന്നപ്പോള്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് മറ്റ് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സൂപ്രണ്ട് ഡോ അബ്ദുള്‍ റഹ്‌മാന്‍ പറഞ്ഞു. ചെറിയ കുട്ടിയായത് കൊണ്ടാണ് കോവിഡ് ടെസ്റ്റ് ചെയ്യാതിരുന്നതെന്നും, നിരീക്ഷണത്തിന് ശേഷമാണ് വിട്ടയച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.