രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് നാല് രോഗബാധിതർ, ജാഗ്രത

സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കോളറബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ രണ്ട് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്.  ഈ മാസം സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത് 4 പേർക്കാണ്. നേരത്തെ കാസർകോട്ടും തിരുവനന്തപുരത്തുമാണ് കോളറ ബാധയുണ്ടായത്.

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്റ്റലിലെ പത്ത് വയസുകാരന് കോളറ സ്ഥിരീകരിച്ചിരുന്നു. ഹോസ്റ്റലിലെ അന്തേവാസികളിൽ ചിലർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഹോസ്റ്റലിൽ പരിശോധന നടത്തിയിരുന്നു.

അതേസമയം നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു. കടുത്ത വയറിളക്കം പിടിപ്പെട്ടാൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്യണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.