ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം; ജനശതാബ്ദിയടക്കം നാല് ട്രെയിനുകള്‍ റദ്ദാക്കി

പുതുക്കാടിനും തൃശൂരിനും ഇടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് ഇന്നും നാളെയും നിയന്ത്രണം ഏര്‍പ്പെടുത്തും. ജനശതാബ്ദി അടക്കം നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയെന്ന് റെയില്‍വെ അറിയിച്ചു.

ഉച്ചയ്ക്ക് 2.50നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35ന്റെ എറണാകുളം- ഷൊര്‍ണൂര്‍ മെമു, രാത്രി 7.40ന്റെ എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. നാളെ രാവിലെ 4.50നുള്ള കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദിയും റദ്ദാക്കി.

ആലപ്പുഴയില്‍ നിന്ന് രാവിലെ ആറിന് ദന്‍ബാദിലേക്ക് പോകുന്ന ആലപ്പുഴ-ദന്‍ബാദ് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകും 10.10ന്റെ കന്യാകുമാരി ബംഗളൂരു എക്സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി മാത്രമേ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കൂ. ഇന്ന് ഉച്ച 2.50നുള്ള കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.

മൂന്നു മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ തൃശൂരില്‍ നിന്ന് രാത്രി 8.43ന് പുറപ്പെടും.ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കായിരിക്കും പ്രത്യേക സര്‍വീസുകള്‍.