പാർട്ടിയെ വിശ്വാസമാണ്, പാർട്ടിക്ക് തെറ്റ് പറ്റിയില്ല; ലീ​ഗിന് പൂർണ പിന്തുണയുമായി ഹരിത ജനറൽ സെക്രട്ടറി

ഹരിത സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീ​ഗിന് തെറ്റുപറ്റിയിട്ടില്ലെന്ന് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ്.

പാർട്ടിയെ വിശ്വാസമാണെന്നും പാർട്ടിക്ക് തെറ്റ് പറ്റിയില്ലെന്നും റുമൈസ ആവർത്തിച്ചു. ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ലീ​ഗ് ഉന്നതധികാരികൾ റിപ്പോർട്ട് തേടുകയും അതിന് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ നവാസിനെതിരായ ആരോപണങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നും പാർട്ടിക്കുള്ളിൽ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേർത്തു.

ഹരിത സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലേക്ക് എത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അവർ പറഞ്ഞു. ഒരു സൂചനയും ലഭിച്ചിരുന്നില്ല. പാർട്ടി നേതൃത്വമാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

ഹരിതയക്ക് വലിയ പ്രധാന്യം ലീ​ഗിലുണ്ട്. വിദ്യാർത്ഥികളെ മുന്നോട്ട് കൊണ്ടുവരികയും അവർക്ക് രാഷ്ട്രീയം പറയാൻ അവസരം നൽകുകയും എന്നതാണ് ലക്ഷ്യം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ ലീ​ഗിനെക്കാൾ പ്രാധാന്യം ലഭിച്ചത് ഹരിതയ്ക്ക് ആയിരുന്നെന്നും റുമൈസ പറഞ്ഞു.