പ്രേക്ഷകര്‍ കൈവിട്ടു; ന്യൂസ് ചാനലുകള്‍ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്; ടിആര്‍പിയില്‍ കുത്തനെ ഇടിഞ്ഞ് മാതൃഭൂമി; ഏഷ്യാനെറ്റിനും 24നും പോലും പിടിച്ചു നില്‍ക്കാനാകുന്നില്ല; റേറ്റിങ്ങ് റിപ്പോര്‍ട്ട്

ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍ (ടിആര്‍പി) ഏറ്റവും വലിയ ഇടിവ് നേരിട്ട് മലയാളത്തിലെ ന്യൂസ് ചാനലുകള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് കഴിഞ്ഞ ആഴ്ച ഉണ്ടായിരിക്കുന്നത്. പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എല്ലാ ന്യൂസ് ചാനലുകളും മത്സരിച്ച് നല്‍കിയിട്ടും കാണാനാളില്ലന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

34 ആഴ്ചയിലെ ടിആര്‍പി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ പതിവ് പോലെ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്. 100.99 പോയിന്റുമായാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. 32 ആഴ്ചയില്‍ 117.25 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. 31 ആഴ്ചയില്‍ 117.41 പോയിന്റും ഏഷ്യാനെറ്റ് ന്യൂസ് നേടിയിരുന്നു.

ഇക്കുറിയും രണ്ടാം സ്ഥാനത്തുള്ളത് 24 ന്യൂസാണ്. എന്നാല്‍, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് തിരിച്ചടിയാണ് ടിആര്‍പിയില്‍ ചാനലിന് ഉണ്ടായിരിക്കുന്നത്. ട്വന്റി ഫോറിന് കേവലം 75.46 പോയിന്റുകള്‍ നേടാനെ സാധിച്ചിട്ടുള്ളൂ. 33 മൂന്നാം ആഴ്ചയില്‍ 78.83, 32 ആഴ്ചയില്‍ 95.05 പോയിന്റുമായാണ് 24 രണ്ടാം സ്ഥാനത്ത് എത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 34 ആഴ്ചയില്‍ വന്‍ ഇടിവാണ് ചാനലിന് സംഭവിച്ചിരിക്കുന്നത്.

മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന മനോരമയ്ക്കും വലിയ മുന്നേറ്റം കഴിഞ്ഞ ആഴ്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മനോരമ ന്യൂസ് 52.57 പോയിന്റുകള്‍ നേടാന്‍ മാത്രമാണ് സാധിച്ചത്. 33 ആഴ്ചയില്‍ 55.87 പോയിന്റും, 32 ആഴ്ചയില്‍ 65.05 പോയിന്റുകളാണ് ടിആര്‍പിയില്‍ ഉണ്ടായിരുന്നത്.

നാലം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസിന് ടിആര്‍പി റേറ്റിങ്ങില്‍ വന്‍ തിരിച്ചടിയാണ് ലഭിച്ചത്. 34 ആഴ്ചയില്‍ മാതൃഭൂമിക്ക് 39.75 പോയിന്റുകള്‍ നേടാനെ സാധിച്ചുള്ളൂ. 33 ആഴ്ചയില്‍ 43 പോയിന്റുകളും. 32 ആഴ്ചയില്‍ 49.05 പോയിന്റും ചാനലിന് ലഭിച്ചിരുന്നു. ഇതാണ് ഇക്കുറി 39.75 പോയിന്റിലേക്ക് എത്തിയത്.

പുതിയ സാങ്കേതിക വിദ്യയോടെ സംപ്രേക്ഷണം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ജനം ടിവിയെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 22.05 പോയിന്റാണ് ചാനല്‍ നേടിയിരിക്കുന്നത്. 22 പോയിന്റുമായി ആറാം സ്ഥാനത്ത് എത്താനെ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവിക്ക് സാധിച്ചിട്ടുള്ളൂ.

33 ആഴ്ചയില്‍ 21.69 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ജനം ടിവി എത്തിയിരുന്നു. എന്നാല്‍, 32 ആഴ്ചയില്‍ 21.03 പോയിന്റോടെ ആറാം സ്ഥാനത്തായിരുന്നു ജനം ടിവി. പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ ഇടിവ് ഇക്കുറി സംഘപരിവാര്‍ ചാനലിന് സംഭവിച്ചിട്ടില്ല.

സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസാണ് ഏഴാം സ്ഥാനത്തുള്ളത്. ചാനലിന് 20.46 പോയിന്റുകളാണ് ഉള്ളത്. 33 ആഴ്ചയില്‍ 20 പോയിന്റുകളും 32 ആഴ്ചയില്‍ 20.75 പോയിന്റുകളാണ് ചാനലിന് ഉണ്ടായിരുന്നത്.

എട്ടാം സ്ഥാനം പതിവ് പോലെ ന്യൂസ് 18 കേരളയ്ക്കാണ്. ടിആര്‍പിയില്‍ 13.96 പോയിന്റുകളാണ് ചാനല്‍ നേടിയിരിക്കുന്നത്. ഏറ്റവും പിന്നിലായി രാജ് ന്യൂസ് മലയാളമാണുള്ളത്. ടിആര്‍പിയില്‍ 0.33 പോയിന്റുകളാണ് ചാനലിനുള്ളത്.