രാജിവെയ്ക്കില്ല, വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് രാജിവെയ്‌ക്കട്ടെ; എന്ത് പ്രഹസനമാണ് സജീ.. എന്ന് ട്രോളന്മാര്‍

കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ സിപിഎം യോഗത്തിനിടെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി ട്രോളന്മാര്‍. നൂറുകണക്കിന് ട്രോളുകളാണ് വിവാദ പ്രസംഗത്തെ കുറിച്ചും അതിനെ ന്യായീകരിച്ചുള്ള പ്രസ്താവനകളെയും ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയില്‍ നിറഞ്ഞുകളിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതി വച്ചു. കൂട്ടത്തില്‍ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വെച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി വേദിയില്‍ തുറന്നടിച്ചു.

സംഭവം വിവാദമായതോടെ ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നായി മന്ത്രി. താന്‍ മന്ത്രി മാത്രമല്ലെ ഒരു രാഷ്ട്രീയക്കാരന്‍ കൂടിയാണ്. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടന്‍ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തില്‍ താന്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഭരണഘടനയെ അല്ല ഭരണകൂടത്തെ ആണ് വിമര്‍ശിച്ചത് എന്ന മന്ത്രിയുടെ വിശദീകരണത്തോടെ രാജി ആവശ്യം സിപിഎം തള്ളി.

അതേസമയം, ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുകയാണ്.

സജി ചെറിയാന്‍ പ്രശ്നം കത്തിനില്‍ക്കുന്നതോടെ സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ രക്ഷപ്പെട്ട് നില്‍ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും. നിയമസഭയില്‍ അടക്കം പ്രതിപക്ഷം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ നില്‍ക്കവേയാണ് രക്ഷകനെ പോലെ സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ വരവ്. ഇന്നലെയും ഇന്നുമായി വിഷയം ഏറെ ആഘോഷിക്കപ്പെടുകയാണ്. ഒരു വെടിക്ക് രണ്ട് പക്ഷി.