രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് കോണ്‍ഗ്രസ് സമരം; വിതുരയില്‍ ചികിത്സ വൈകിയ ആദിവാസി യുവാവിന് ദാരുണാന്ത്യം

വിതുരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞ് സമരം നടത്തിയതിനെ തുടര്‍ന്ന് ചികിത്സ വൈകിയ ആദിവാസി യുവാവ് മരിച്ചു. കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് ആദിവാസി യുവാവിന് ചികിത്സ വൈകിയത്. ആദിവാസി യുവാവ് ബിനു ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്.

ആംബുലന്‍സിന്റെ കാലപ്പഴക്കവും ഇന്‍ഷുറന്‍സും തീര്‍ന്നെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ഉച്ചയോടെയാണ് ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ബിനുവിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് 20 മിനിറ്റോളം തടഞ്ഞുനിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. രോഗിയുടെ അവസ്ഥ വിശദീകരിക്കാന്‍ വന്ന ആശുപത്രി അധികൃതരോടും പ്രതിഷേധക്കാര്‍ തട്ടിക്കയറി. രോഗിയുമായി പോകുന്ന ആംബുലന്‍സ് തടഞ്ഞ് നടത്തുന്ന സമരത്തിന്റെ ചിത്രം ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

Read more

കോണ്‍ഗ്രസ് പ്രതിഷേധത്തിന് ശേഷമാണ് ബിനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ ബിനുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.