ആദിവാസികളായ എട്ട് പെൺകുട്ടികളുടെ വസ്ത്രം പരസ്യമായി അഴിപ്പിച്ചു, അട്ടപ്പാടിയിൽ ഹോസ്റ്റൽ ജീവനക്കാർക്കെതിരെ പരാതി, പൊലീസ് കേസെടുത്തു

അട്ടപ്പാടിയിൽ ആദിവാസി വിദ്യാർത്ഥിനികളുടെ വസ്ത്രം മറ്റ് വിദ്യാർത്ഥിനികളുടെ മുൻപിൽ വെച്ച് അഴിപ്പിച്ച് അപമാനിച്ചെന്ന് പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാലു ജീവനക്കാർക്കെതിരെ നൽകിയ പരാതിയിൽ ഷോളയൂർ പൊലീസ് കേസെടുത്തു. 15 വയസ്സിന് താഴെയുള്ള എട്ട് പെൺകുട്ടികളാണ് പരാതി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഹോസ്റ്റൽ ജീവനക്കാരായ കസ്തൂരി, ആതിര, സുജ, കൗസല്യ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളിൽ ചിലർക്ക് ചർമ രോഗം ഉണ്ടായിരുന്നു. രോഗം പടരാതിരിക്കാൻ മറ്റുള്ളവരുടെ വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിർദേശം ഹോസ്റ്റലിൽ ഉണ്ടായിരുന്നു. ഇത് ലംഘിച്ചുവെന്നാരോപിച്ചാണ് പെൺകുട്ടികളുടെ വസ്ത്രം അഴിപ്പിച്ചത്. മറ്റു കുട്ടികളുടെ മുന്നിൽ വെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിന് ശേഷം മാനസിക സമ്മർദ്ദത്തിൽ ആയ വിദ്യാർഥിനികൾ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് രക്ഷിതാക്കളാണ് ഷോളയാർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ഷോളയൂർ പൊലീസ് പറഞ്ഞു.