രാജ്യദ്രോഹക്കേസ്: ആയിഷ സുല്‍ത്താനയ്‌ക്ക് എതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

രാജ്യദ്രോഹക്കേസില്‍ ലക്ഷദ്വീപ് സ്വദേശിയായ സിനിമാ സംവിധായിക ആയിഷ സുല്‍ത്താനയ്‌ക്കെതിരായ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചാര്‍ത്തിയ കേസുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ച് സുപ്രീംകോടതി കഴിഞ്ഞമാസം ഉത്തരവിട്ടപ്പോള്‍ നേരത്തേയെടുത്ത കേസുകളില്‍ അന്വേഷണം തുടരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തവര്‍ക്ക് വിടുതലിനായി കോടതികളെ സമീപിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു.

2021 ജൂണില്‍ ചാനല്‍ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപ് ജനതയ്ക്കെതിരേ ‘ജൈവായുധം’ പ്രയോഗിക്കുന്നു എന്നാരോപിച്ചതിനാണ് ആയിഷയ്ക്കെതിരേ ലക്ഷദ്വീപ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.