ജീവനെടുക്കുന്നു, അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്; പകരം വഴിപാടുകളില്‍ തുളസിയും തെച്ചിയും

വിഷാംശം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളിലെ വഴിപാടുകളില്‍ നിന്നും അരളിയെ പൂര്‍ണമായി മാറ്റിനിര്‍ത്താനാണ് തീരുമാനം എടുത്തിരിക്കുന്നത്. നിവേദ്യ സമര്‍പ്പണം, അര്‍ച്ചന പ്രസാദം തുടങ്ങിയവയ്ക്ക് ഇനി അരിളിപ്പൂവ് നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

നിവേദ്യസമര്‍പ്പണത്തിന് ഭക്തര്‍ ഇനി മുതല്‍ തുളസി, തെച്ചി, റോസാപ്പൂക്കള്‍ എന്നിവ നല്‍കണം. ഭക്തരുമായി നേരിട്ട് ബന്ധമുള്ള കാര്യങ്ങളിലാണ് പൂവ് ഒഴിവാക്കിയത്. മറ്റ് പൂജാ കാര്യങ്ങളില്‍ പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.

Read more

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെയാണ് അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന കാര്യം പുറത്തുവന്നത്. മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇലയോ അബദ്ധത്തില്‍ കഴിച്ചതാണ് മരണകാരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമായത്.