വകുപ്പില്‍ അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെന്ന് ഗതാഗത കമ്മീഷണര്‍; ഇവരെ ചെക്‌പോസ്റ്റുകളില്‍ നിയമിക്കാന്‍ കഴിയില്ല

മോട്ടോര്‍വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും അച്ചടക്കനടപടി നേരിടുന്നവരാണ് എന്ന് ഗതാഗത കമ്മിഷണര്‍. ഇവരെ ചെക്‌പോസ്റ്റുകളില്‍ നിയമിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം സര്‍ക്കാരിന് കത്തയച്ചു.

ചെക്‌പോസ്റ്റുകളില്‍ അഴിമതി നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം 27 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം അഴിമതി രഹിതവും കാര്യക്ഷമവും ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഴിമതി രഹിത ചെക്‌പോസ്റ്റുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സത്യസന്ധരായ ഉദ്യോഗസ്ഥരെ മാത്രമേ ചെക്‌പോസ്റ്റുകളില്‍ നിയമിക്കുവാന്‍ പാടുള്ളൂ എന്ന് സര്‍ക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതു പ്രകാരം ഗതാഗത കമ്മിഷണര്‍ ഉദ്യോഗസ്ഥരുടെ കണക്കെടുപ്പ് നടത്തി. അപ്പോഴാണ് ഭൂരിഭാഗം പേരും അച്ചടക്കനടപടി നേരിടുന്നവരാണ് എന്ന് കണ്ടെത്തിയത്.

മോട്ടോര്‍ വാഹന വകുപ്പില്‍ നടക്കുന്ന അഴിമതിയെ കുറിച്ച് കമ്മീഷണര്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ഇവരെ ചെക്‌പോസ്റ്റുകളില്‍ നിയമിക്കേണ്ട എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കൂടി ചെക്‌പോസ്റ്റിലേക്ക് നിയമിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കി.