ആറ്റുകാല്‍ പൊങ്കാല: സുരക്ഷയ്ക്ക് 3000 പൊലീസുകാര്‍, ഫുഡ്പാത്തില്‍ അടുപ്പ് കൂട്ടാന്‍ അനുവദിക്കില്ല

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് ഉച്ചമുതല്‍ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല.

ആളുകളുമായി വരുന്ന വാഹനങ്ങള്‍ ക്ഷേത്ര പരിസരത്ത് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വാഹനങ്ങള്‍ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളില്‍ പാര്‍ക്ക് ചെയ്യാം. ഫുഡ്പാത്തില്‍ അടുപ്പുകള്‍ കൂട്ടാന്‍ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3000 പൊലീസുകാരെയാണ് സുരക്ഷയ്ക്ക് വിനിയോഗിക്കുക. 300 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും, എക്‌സൈസ് ഉദ്യോഗസ്ഥരും സേവനസന്നദ്ധരാകും. കെഎസ്ആര്‍ടിസി 400 സര്‍വീസ് നടത്തും. 1270 പൊതുടാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ട്രയിനിനും പൊങ്കാല പ്രമാണിച്ച് അധിക സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കോവിഡ് കാരണം രണ്ടു കൊല്ലം വിപുലമായ രീതിയില്‍ പൊങ്കാല നടന്നിരുന്നില്ല. ക്ഷേത്ര പരിസരത്തും വീടുകളിലും നഗരാങ്കണത്തിലും പൊങ്കാല അടുപ്പുകള്‍ നിരക്കും.