ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ

പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍. പ്രതികളാ‌യ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. വർഷാവസാനം നൽകുന്ന സ്വാഭാവിക പരോൾ മാത്രമെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. അതേസമയം കഴിഞ്ഞ ദിവസം നാലാം പ്രതി ടി കെ രജീഷിന് പരോൾ അനുവദിച്ചിരുന്നു. 15 ദിവസത്തേക്കാണ് പരോൾ ലഭിച്ചിരിക്കുന്നത്. അഞ്ചുമാസത്തിനിടെ രണ്ടാമത്തെ പരോളാണ് രജീഷിന് അനുവദിച്ചത്.

15 ദിവസത്തെ പരോളാണ് പ്രതികളാ‌യ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്ക് അനുവദിച്ചിരിക്കുന്നത്. ഒരു മാസം ജയിലിൽ കിടക്കുന്നവര്‍ക്ക് 5 ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലിൽ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കുക എന്നുള്ളത് ജയിൽ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായത് കൊണ്ട് കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നൽകിയിരുന്നില്ല എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നത് കൊണ്ട് പരമാവധി ആളുകള്‍ക്ക് ആവശ്യപ്പെട്ടത് പോലെ പരോളനുവദിക്കുന്നു എന്ന വിശദീകരണമാണ് ജയിൽ വകുപ്പ് നൽകുന്നത്. അതേസമയം രജീഷിന് സ്വാഭാവിക പരോൾ ആണ് അനുവദിച്ചതെന്നാണ് ജയിൽ വകുപ്പിന്റെ പ്രതികരണം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ് ടി കെ രജീഷ്. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ് ടി കെ രജീഷ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ താണയിലെ ആശുപത്രിയിയിൽ ചികിത്സക്കാണ് ഇതിനു മുൻപ് പരോൾ അനുവദിച്ചിരുന്നത്.