'തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടോവിനോ'; ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് വിഎസ് സുനിൽകുമാർ

നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫേസ്‌ബുക്കില്‍ നിന്ന് പിന്‍വലിച്ച് തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍. തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട് നടന്‍ പ്രതികരണം നടത്തിയതിന് പിന്നാലെയാണ് സുനില്‍കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്.

തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ആയിരുന്നു ടൊവിനോ തോമസ് പ്രതികരിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംബാസഡർ ആയതിനാൽ തന്‍റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമത്തിലൂടെ ടൊവിനോ എതിർപ്പറിയിച്ചത്. കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ് വി ഇ ഇ പി) അംബാസഡര്‍ ആണ് താനൊന്നും ടൊവിനോ വ്യക്തമാക്കി.

‘എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്. ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’- ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബ്രാൻഡ് അംബാസഡർ ആന്നെന്ന കാര്യം അറിയില്ലായിരുന്നുവന്നും അദ്ദേഹത്തിനൊരു ബുദ്ധിമുട്ടുണ്ടാകേണ്ട എന്നതിനാൽ കാര്യം അറിഞ്ഞപ്പോൾതന്നെ ഫോട്ടോ പിൻവലിക്കുകയും ചെയ്തെന്നുമാണ് അനുവാദമില്ലാതെ ടോവിനോയുടെ ചിത്രം ഉപയോഗിച്ചെന്ന വിവാദത്തിൽ വിഎസ് സുനിൽകുമാർ പ്രതികരിച്ചത്.

വിഎസ് സുനിൽകുമാർ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രം

തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണെന്ന് പറഞ്ഞായിരുന്നു സുനിൽ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ‘കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്നേഹത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം. താൻ തൃശൂർ എംഎൽഎ ആയിരിക്കുമ്പോൾ, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും’ സുനിൽ കുമാർ കുറിച്ചിരുന്നു.

Read more

വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനിൽ കുമാർ പറഞ്ഞു. പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും പുതിയ സിനിമ വൻ ഹിറ്റാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് സുനിൽ കുമാർ ചിത്രം പന്കുവെച്ചുകൊണ്ടുള്ള കുറിപ്പ് അവസാനിപ്പിച്ചത്. ഈ കുറിപ്പാണു ടോവിനോയുടെ പ്രതികരണത്തോടെ പിൻവലിച്ചത്.