ബാലചന്ദ്രകുമാറിന് എതിരായ പീഡന കേസ്: പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡീ. എസ്.പി എസ്.ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക് ക്രൂരമായ അനുഭവം ഉണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം.

സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിളിച്ച് വരുത്തുകയായിരുന്നു. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്ര കുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസ് വന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിക്കും എന്ന് ഭയന്നാണ് പരാതിപ്പെടാതെ ഇരുന്നതെന്നാണ് യുവതി പറഞ്ഞത്.