'പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല'; ഇടക്കാല ഉത്തരവ് ഇന്നില്ലെന്ന് ഹൈക്കോടതി

പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കില്ല. ഇടക്കാല ഉത്തരവ് ഇന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി വീണ്ടും വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കും. ടോൾ പിരിക്കുന്നത് സംബന്ധിച്ച് ഇന്ന് ഉത്തരവ് ഇറക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി അറിയിച്ചത്.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണം മന്ദഗതിയില്‍ ആയതിന് പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തിയ പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ അനുവദിക്കാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹൈകോടതിയുടെ കര്‍ശന ഉപാധികളോടെയാകും ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകഎന്നറിയിച്ച കോടതി ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.

45 ദിവസത്തെ വിലക്കിന് ശേഷമാണ് ടോള്‍ പിരിവിന് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയത്. തിങ്കളാഴ്ചയാണ് ഇടക്കാല ഉത്തരവ് നൽകുക. തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് ടോള്‍ പിരിവിന് വീണ്ടും വഴിതെളിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.