നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ എന്നാണ് പറയേണ്ടത്, അങ്ങനെ പറയുന്നില്ല; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് എം. സ്വരാജ്

സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ മാധ്യമങ്ങളെ അധിക്ഷേപിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ഇത്ര വേഗത്തില്‍ എവിടേക്ക് പോകുന്നു എന്ന ചോദ്യത്തിന്, നിന്റെ അപ്പൂപ്പന്റെ അടിയന്തരത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നാണ് ഉത്തരം നല്‍കേണ്ടത് പക്ഷേ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിനാല്‍ അങ്ങനെ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം പുത്തനത്താണിയില്‍ നടക്കുന്ന ഇ എം എസിന്റെ ലോകം എന്ന സെമിനാറിന്റെ ഭാഗമായി ‘മാധ്യമരംഗം-ആശയ സാംസ്‌കാരിക സമരങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് എം സ്വരാജിന്റെ പരാമര്‍ശം. അതിവേഗ തീവണ്ടിപ്പാതയെ കുറിച്ചുള്ള ആലോചനകള്‍ 2012ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. അന്ന് അതിവേഗ പാതയാണ്. അര്‍ധ അതിവേഗമല്ല. ആ അതിവേഗ പാതാ പദ്ധതി മുമ്പോട്ടുവയ്ക്കുമ്പോള്‍ അതിന്റെ പ്രചാരകരായിരുന്നു മനോരമയും മാതൃഭൂമിയുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അതേ മാധ്യമങ്ങളാണ് ഇപ്പോള്‍ വേഗത്തില്‍ എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുന്നത്. വികസന പദ്ധതികള്‍ എല്‍ഡിഎഫ് കൊണ്ടു വരേണ്ട എന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നും സ്വരാജ് ആരോപിച്ചു. ഇതാണ് കേരളത്തിലെ മാധ്യമങ്ങള്‍ മുമ്പോട്ടുവയ്ക്കുന്ന രീതി. മലയാളിയുടെ ജീവിതത്തിന്റെ ഗതിയെ നിര്‍ണയിക്കുന്ന ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ക്ക് മനോരമയും മാതൃഭൂമിയും എതിരാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഈ മാധ്യമങ്ങള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വികസനം വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പിണറായി കൊണ്ടുവരേണ്ട. ഉമ്മന്‍ചാണ്ടി കൊണ്ടുവന്നാല്‍ മതിയെന്നുമാണ് മാധ്യമങ്ങളുടെ നിലപാടെന്നും സ്വരാജ് കുറ്റപ്പെടുത്തി. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വന്യക്തമാക്കിയിരുന്നു.