രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാന്‍ രാത്രി പിറന്നാള്‍ കേക്കുമായി പോയ യുവാവിനെ മര്‍ദ്ദിച്ചതായി ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചതായാണ് യുവാവിന്റെ ആരോപണം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയില്‍ പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. രാത്രി പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ പിറന്നാള്‍ കേക്കുമായി എത്തിയപ്പോഴാണ് നഹാസിന് നേരെ ആക്രമണമുണ്ടായത്. 13ഓളം ആളുകള്‍ തന്നെ തടഞ്ഞുവയ്ക്കുകയും പിന്നീട് തലകീഴായി കെട്ടിയിട്ടും തേങ്ങ തുണിയില്‍ പൊതിഞ്ഞും മര്‍ദ്ദിച്ചെന്ന് നഹാസ് ആരോപിച്ചു.

Read more

നഹാസിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റതിന്റെ നിരവധി പാടുകളുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കൊല്ലം തെക്കുംഭാഗം പൊലീസ് പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നഹാസ് വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.