ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്, പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ടിഎന്‍ പ്രതാപന്‍ രംഗത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ രംഗത്ത്. രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൗരവമുള്ള ആരോപണമാണ് ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കി. എഐസിസിയും കെപിസിസിയും കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കളുമെല്ലാം ഈ ഗൗരവം ഉള്‍ക്കൊണ്ട് തന്നെയാണ് കാര്യങ്ങളോട് പ്രതികരിച്ചത്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാടുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടവരാണെന്നും പ്രതാപന്‍ തൃശൂര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Read more

രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികള്‍ പാര്‍ട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെസി വേണുഗോപാലും വിഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി.