തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരാ; സിപിഎം യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയും.എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ ചോര്‍ന്ന യോഗത്തിലാണ് ചരിതിരിഞ്ഞ് ആക്രമണം ഉണ്ടായത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പോരെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് യോഗത്തില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായത്. രണ്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളാണ് നേര്‍ക്കുനേര്‍ തമ്മിലടിച്ചത്.

പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാറാണ് ആരോപിച്ചത്. എന്നാല്‍ പത്മകുമാറിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹര്‍ഷകുമാറും പത്മകുമാറും തമ്മില്‍ വാക്കേറ്റം നടന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതായി പത്മകുമാര്‍ പറഞ്ഞു. ആദ്യ ഘട്ട പ്രചരണത്തില്‍ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായാണ് പത്മകുമാര്‍ ആരോപിക്കുന്നത്. പ്രചരണം ഇപ്പോള്‍ മോശമാണെന്നും പത്മകുമാര്‍ യോഗത്തില്‍ തുറന്നടിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.