ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; ഒന്നാംപ്രതി സവാദ് റിമാന്റില്‍; തിരിച്ചറിയല്‍ പരേഡ് നടത്തണമെന്ന് എന്‍ഐഎ

മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പിടിയിലായ ഒന്നാംപ്രതി സവാദിനെ റിമാന്റ് ചെയ്തു. ഈ മാസം 24വരെയാണ് സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതി റിമാന്റ് ചെയ്തത്. ഷാജഹാന്‍ എന്ന പേരിലാണ് സവാദ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

കേസില്‍ തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുണ്ടെന്നും സവാദിനെ എറണാകുളം സബ് ജയിലിലേക്ക് അയക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. എന്‍ഐഎ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സംഭവം നടന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ഒന്നാം പ്രതിയായ സവാദിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) ആണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക യൂണിറ്റ് കണ്ണൂരില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 2010 ജൂലൈയില്‍ നടന്ന സംഭവത്തിനുശേഷം സവാദ് ഒളിവിലായിരുന്നു.2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്.

Read more

കേസിലെ ഒന്നാം പ്രതിയായ സവാദിനായി പാക്കിസ്ഥാന്‍, ദുബായ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ തുക പ്രഖ്യാപിച്ചിരുന്നു. കേസിലെ മറ്റു പ്രതികളായ സജില്‍, നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരെ എന്‍ഐഎ കോടതി ശിക്ഷിച്ചിരുന്നു.