സമയം അവസാനിച്ചു; വി,സിമാർ ആരും രാജിവെച്ചില്ല

സര്‍വ്വകലാ വിസിമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസന സമയം അവസാനിച്ചു. ഇതുവരെ ഒന്‍പത് വിസിമാരിലാരും രാജിക്കത്ത് നല്‍കിയിട്ടില്ല. അതേസമയം, സര്‍വകലാശാല വി.സിമാര്‍ക്ക് രാജ് ഭവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജി വെച്ച് സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ മുന്നറിയിപ്പ്. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് നീക്കം.

ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് 11.30 ന് മുമ്പായി രാജിവെക്കാണമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാ വി.സിമാരും രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്.

രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അതാത് വി.സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിന് ശേഷം ഉച്ചയോടു കൂടി തന്നെ വി.സിമാരെ ടെര്‍മിനേറ്റ് ചെയ്ത്കൊണ്ട് ഉത്തരവ് പുറത്തിറക്കാനുള്ള നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നത്.

രാജി ആവശ്യപ്പെട്ട വി.സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക തയ്യാറാക്കി. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്നും പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാലയുടെ ചുമതല നല്‍കിയേക്കും.