വയനാട്ടില്‍ ബത്തേരി നഗരത്തിനു സമീപം കടുവയിറങ്ങി; ജാഗ്രതാനിര്‍ദേശം

വയനാട് വീണ്ടും കടുവ ഭീതിയില്‍. ബത്തേരി ദൊട്ടപ്പന്‍കുളത്താണ് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

വനപാലകര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മാസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് കടുവയിറങ്ങിയിരുന്നു. കാട് മൂടി കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാണ് കടുവയെത്തിയതെന്നാണ് വിവരം.