തുഷാറിനെ കുടുക്കിയത് ആസൂത്രിതമെന്ന്; അഞ്ചുലക്ഷം ഉപയോഗിച്ച് ബ്ലാങ്ക് ചെക്ക് വാങ്ങി, നാസിലിന്റേതെന്ന് പറയുന്ന ശബ്ദസന്ദേശം പുറത്ത്

ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ശബ്ദസന്ദേശങ്ങള്‍ പുറത്ത്. അഞ്ച് ലക്ഷം രൂപ നല്‍കിയാണ് ഈ ചെക്ക്, നാസില്‍ അബ്ദുള്ള സംഘടിപ്പിച്ചതെന്നാണ് ശബ്ദസന്ദേശങ്ങള്‍ സൂചിപ്പിക്കുന്നത്.

10 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് കേസിലാണ് അജ്മാന്‍ പൊലീസ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ ഇത് തന്നെ ചതിയില്‍ പെടുത്തിയതാണെന്നും ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കുകയോ നാസില്‍ അബ്ദുള്ളയുമായി ഇത്രയും വലിയ ഇടപാട് നടത്തുകയോ ചെയ്തിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു. തുഷാറിന്റെ നിലപാടുകള്‍ ഏതാണ്ട് ശരി വെയ്ക്കുന്ന രീതിയിലാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം.

നാട്ടിലെ ഒരു സുഹൃത്തുമായുള്ള നാസിലിന്റെ സംഭാഷണമാണ് പുറത്തു വന്നിരിക്കുന്നത്. തുക എഴുതാത്ത ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നും കേസ് കഴിഞ്ഞ് കിട്ടുന്ന തുക പാതി വീതം പങ്കു വെയ്ക്കാമെന്നും നാസില്‍ സുഹൃത്തിന് ഉറപ്പ് നല്‍കുന്ന രീതിയിലാണ് സന്ദേശം. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കൈയില്‍ കിട്ടുമെന്ന് നാസില്‍ കൃത്യമായി പറയുന്നുണ്ട്.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നുമാണ് നാസില്‍ പറയുന്നത്. പെട്ടെന്ന് തന്നെ അവര്‍ ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കിട്ടുമെന്നുമാണ്, പണം സംഘടിപ്പിച്ച് തരാന്‍ ആവശ്യപ്പെടുന്ന സന്ദേശത്തില്‍ നാസില്‍ പറയുന്നത്.

ദുബായിയില്‍ കേസ് കൊടുത്താല്‍ ശരിയാവില്ലെന്നും ഷാര്‍ജയില്‍ കേസ് കൊടുക്കാമെന്നും പറയുന്നുണ്ട്. നാസിലിനു ചെക്ക് നല്‍കിയിട്ടില്ലെന്ന തുഷാറിന്റെ വാദം ശരിവെയ്ക്കുന്നതാണ് നാസിലിന്റെതെന്നു പറയുന്ന ശബ്ദ സന്ദേശങ്ങള്‍.

“തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കൈയില്‍ ഉണ്ട്. അയാള്‍ക്ക് കേസ് കൊടുക്കാന്‍ താത്പര്യമില്ല. കേരളത്തില്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ആ ചെക്ക് തന്റെ കൈയില്‍ കിട്ടും. അതിനു പണം തന്ന് സഹായിക്കണം. തുഷാര്‍ ഉടന്‍ ദുബായില്‍ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി പണം തരും. വെള്ളാപ്പള്ളിയുടെ കൈയില്‍ ഇഷ്ടം പോലെ പണം ഉണ്ട്..” ഈ രീതിയിലാണ് ഫോണ്‍ സന്ദേശം. ആദ്യം പത്ത് ദശലക്ഷം ദിര്‍ഹം ചെക്കില്‍ എഴുതി ചേര്‍ക്കാമെന്ന് പറയുന്ന നാസില്‍ പിന്നീട് ആറ് ദശലക്ഷത്തിലേക്ക് വരുന്നുണ്ട്. ഇത് നിയമോപദേശം കണക്കിലെടുത്താണെന്നും പണം വാങ്ങി ഒത്തു തീര്‍പ്പാക്കാനാണു പരിപാടി എന്നും നാസില്‍ സുഹൃത്തിനയച്ചുവെന്നു പറയുന്ന ശബ്ദ സന്ദേശത്തില്‍ ഉണ്ട്.

തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര്‍ തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല എന്ന് താന്‍ പറഞ്ഞാല്‍ തുഷാറിന് അത് തെളിയിക്കാന്‍ കഴിയില്ല. തുഷാറിന്റെ ദൗര്‍ബല്യങ്ങള്‍ താന്‍ മനസ്സിലാക്കിയിട്ടുണ്ട്. യാതൊന്നും നോക്കാതെ ബ്ലാങ്ക് ചെക്കും എഗ്രിമെന്റ് കടലാസുകളുമൊക്കെ ഒപ്പിട്ട് നല്‍കുന്ന തുഷാറിന്റെ രീതി കൈവിട്ട കളിയാണെന്നും നാസില്‍ സുഹൃത്തിനോട് വെളിപ്പെടുത്തുന്നുണ്ട്. തുഷാറിനെതിരെ ചെക്ക് കേസ് നല്‍കുന്നതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് നാസില്‍ കേരളത്തിലെ സുഹൃത്തിന് ഈ ശബ്ദ സന്ദേശങ്ങള്‍ അയച്ചതെന്നു പറയുന്നു.