ക്ഷേത്രനഗരികളിൽ എൻ.ഡി.എ വൻ വിജയം നേടി, യു.ഡി.എഫ് കേരളത്തിൽ തകർന്നടിഞ്ഞുവെന്ന് തുഷാർ വെള്ളാപ്പള്ളി

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രധാന ക്ഷേത്രനഗരികളിൽ എൻ.ഡി.എ വൻ വിജയം നേടിയെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി. തദ്ദേശ പോരാട്ടത്തിലെ ആകെ തുക പരിശോധിച്ചാൽ കേരളത്തിൽ എൻ.ഡി.എ തന്നെയാണ് പിടിമുറുക്കുന്നതെന്ന് വ്യക്തമാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് കേരളത്തിൽ തകർന്നടിഞ്ഞുവെന്നും തുഷാർ അഭിപ്രായപ്പെട്ടു.

“ശബരിമലയുമായി ബന്ധപ്പെട്ട പന്തളത്തെ വിജയം, ശ്രീനാരായണ ഗുരുവിന്‍റെ ജന്മസ്ഥാനമായ ചെമ്പഴന്തിയിലെ വിജയം, അരുവിപ്പുറത്ത് ഗുരുദേവൻ തപസ്സ് അനുഷ്ഠിച്ച സ്ഥലത്തെ വാർഡിലെ വിജയം, ശ്രീ നാരായണ ഗുരുവിന്‍റെ സമാധി സ്ഥാനമായ ശിവഗിരി കുന്നിലെ വിജയം, മന്നത്ത് അന്ത്യവിശ്രമം കൊള്ളുന്ന പെരുന്ന വാർഡിലെ വിജയം എന്നിവ പ്രവർത്തകർക്ക് ഊർജ്ജം നൽകും”. ഇവിടങ്ങളിൽ വിജയം നേടാൻ കഴിഞ്ഞതും വോട്ടിംഗ് ശതമാനം കൂട്ടാൻ കഴിഞ്ഞതും പഠിക്കണമെന്ന് തുഷാർ പറഞ്ഞു.

ബി.ജെ.പിയും ബി.ഡി.ജെ.എസും തമ്മിൽ യാതൊരു പ്രശ്നങ്ങളും നിലവിലില്ല. ഒരിടത്തും പരസ്പരം മത്സരിച്ചിട്ടില്ല. ഫലം വന്നപ്പോൾ മുതൽ നടക്കുന്ന ചില കുപ്രചാരണങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല. സാങ്കേതികമായി ഒന്നാമതായില്ലായെങ്കിലും എൽ.ഡി.എഫിലും യു.ഡി.എഫിലും ആശങ്കയുണ്ടാക്കാനും രാഷ്ട്രീയപരമായ കലാപമുണ്ടാക്കാനും കഴിഞ്ഞത് എൻ.ഡി.എയുടെ കരുത്തും കഴിവുമാണ്.

യു.ഡി.എഫ് കേരളത്തിൽ തകർന്നടിഞ്ഞു. ബദൽ സംവിധാനമായി എൻ.ഡി.എ നിലവിൽ വന്നു. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലായിരുന്നു കേരളത്തിൽ മത്സരം. എൻ.ഡി.എയുമായി നേരിട്ട് മത്സരിക്കേണ്ടി വരുന്നത് എൽ.ഡി.എഫിനെ വല്ലാതെ അലട്ടുന്നുണ്ട്.

ആയിരകണക്കിന് വാർഡുകളിൽ വളരെ കുറഞ്ഞ വോട്ടിനാണ് നമ്മൾ രണ്ടാം സ്ഥാനത്ത് പോയത് എന്ന് ഗൗരവമായി എടുക്കണം. കുത്തിത്തിരിപ്പു വർത്തമാനങ്ങൾ പറഞ്ഞ് എൻ.ഡി.എയിൽ വിള്ളലുണ്ടാക്കാൻ നോക്കുന്ന കുബുദ്ധികളെ ഒരോരുത്തരും തിരിച്ചറിഞ്ഞ് രാഷ്ട്രീയമായി നേരിടണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.