കെ റെയിലും വന്ദേഭാരതും വർണങ്ങളായി ആകാശത്ത് വിരിയും; തൃശൂർ പൂരം വെടിക്കെട്ട് പൊളിക്കും

മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഉത്സവമാണ് തൃശൂർപൂരം. പൂരത്തിന്റെ ആഘോഷങ്ങളിൽ വെടിക്കെട്ടു കാണാനെത്തുന്നവർ നിരവധിയാണ്.എന്നാൽ ഇത്തവണ തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് വ്യത്യസ്ഥമായിരിക്കും. കാരണം ആകർഷകമായ വർണങ്ങളുമായി ആകാശത്ത് വിരിയുന്നത് സ്ഥിരം കാഴ്ചകളല്ല എന്നതു തന്നെ കാരണം.

കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലും, ഇപ്പോൾ കേന്ദ്രം അനുവദിച്ച് പാളത്തിലോടിത്തുടങ്ങിയ വന്ദേ ഭാരതും ഇത്തവണ പൂരത്തിന്റെ വെട്ടിക്കെട്ട് കാഴ്ചകളിൽ ആകാശത്ത് വിരിയും. 28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്.മാനത്തോടിക്കളിക്കുന്ന അമിട്ടിന് ഇത്തവണ ഇട്ടിരിക്കുന്ന പേരാണ് വന്ദേഭാരത്.

പ്രഹരശേഷി കുറച്ച് നിറങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഇത്തവണ വെടിക്കെട്ട്. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി. തയാറെടുപ്പുകള്‍ നേരത്തെ തുടങ്ങി. വെടിമരുന്നുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് പുരകളിലെത്തിച്ച് പണികളാരംഭിച്ചത്.

ഓരോ ദേവസ്വത്തിന്‍റെയും വെടിക്കെട്ട് പുരയിലും മുപ്പതില്‍ കുറയാത്ത തൊഴിലാളികളുണ്ട്. ശിവകാശിയിൽ നിന്നു വരെ പണിക്കാരെത്തിയട്ടുണ്ട്. 28ന് സാംപിള്‍. ഒന്നിന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. അന്നുതന്നെ ഉപചാരം ചൊല്ലിപ്പിരിയാന്‍ നേരത്ത് കൂട്ടപ്പൊരിച്ചില്‍. എന്തായാലും സംഭവം കളറായിരിക്കുമെന്നാണ് പൂരപ്രേമികൾ പറയുന്നത്.