മന്ത്രി എന്തുകൊണ്ട് രാത്രി തന്നെ പൂരം പ്രതിസന്ധി പരിഹരിച്ചില്ലെന്ന് കെ മുരളീധരൻ; ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശൂരിൽ നടന്നതെന്ന് സുരേഷ് ഗോപി

തൃശൂർ പൂരം നിർത്തിവെക്കേണ്ടി വന്നതിലും വെടിക്കെട്ട് മണിക്കൂറുകൾ വൈകിയതിലും പ്രതികരിച്ച് തൃശൂരിലെ ലോക്സഭാ സ്ഥാനാർത്ഥികൾ. പൂരം കേന്ദ്രവും സംസ്ഥാനവും ചേർന്ന് കുളമാക്കിയെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ ആരോപിച്ചു. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂർ പൂരം പൊലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടർന്നാണ് നിർത്തിവെക്കേണ്ടിവന്നതെന്നും സാധാരണ വെടിക്കെട്ടിനുണ്ടാകേണ്ട യാതൊരു പൊലിമയും ഉണ്ടായില്ലെന്നും മുരളീധരൻ പറഞ്ഞു.

‘പൊലീസിന്റേത് ഏകാധിപത്യ പ്രവണതയാണ്. പൊലീസിനെ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? ചുമതലയിൽ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രി തന്നെ പ്രശ്നം പരിഹരിച്ചില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സർക്കാർ എന്ത് നിലപാടെടുത്തു? കേന്ദ്രത്തിനും ഇതിന് പങ്കുണ്ടെന്ന് മുരളീധരൻ പറഞ്ഞു. ഓരോ കാലങ്ങളിലും കൊണ്ടുവരുന്ന ഓരോ നിയമങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണം. അതിനൊപ്പം സംസ്ഥാനവും ചേർന്നു. രണ്ടുംകൂടി ചേർന്നപ്പോൾ നല്ലൊരു ദേശീയോത്സവം ഏതാണ്ട് കുളമാക്കി. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണം ‘- കെ മുരളീധരൻ ആവശ്യപ്പെട്ടു.

വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചെന്നും ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശൂരിൽ നടന്നതെന്ന് സംശയിക്കുന്നെന്നും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. ‘വോട്ട് നേടാൻ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. ഒരു പ്രശ്നം ഉണ്ടാക്കിയിട്ട് അവർ തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. മുതലെടുക്കാൻ ശ്രമിച്ചത് എൽഡിഎഫും യുഡിഎഫുമാണ്’- സുരേഷ് ഗോപി പറഞ്ഞു.

Read more

പോലീസിൻറെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്നം പരിഹരിക്കപ്പെട്ടെന്നും എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാർ പ്രതികരിച്ചു. പൊലീസിന്റെ കാർക്കശ്യമാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. മാറിമാറിവരുന്ന ഉദ്യോഗസ്ഥർക്ക് പൂരത്തിന്റെ ആത്മാവ് മനസ്സിലാകാത്ത പ്രശ്‌നമുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.