തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; ഫോറൻസിക് പരിശോധന നടത്തും; മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസമെന്ന് മന്ത്രി വീണ ജോർജ്

തൃശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്‌ഫോടനം. ഇത് വരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 ഓളംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തിരുവമ്പാടി ദേവസ്വംബോര്‍ഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്‌ഫോടനം നടന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് പ്രദേശവാസികള്‍. തുടരെ പൊട്ടിത്തെറികള്‍ ഉണ്ടായെന്നും ഞെട്ടല്‍ വിട്ടുപോയിട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവസ്ഥലത്ത് ഇന്ന് ഫോറന്‍സിക് പരിശോധന നടത്തും. കെഡാവര്‍ നായ്ക്കളെ അടക്കം സ്ഥലത്തെ എത്തിച്ച് പരിശോധന നടത്തുകയാണ്.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ പ്രയാസം നേരിടുകയാണെന്നും ഡിഎന്‍എ പരിശോധനയ്ക്കായി ഉടന്‍ തന്നെ സാമ്പിള്‍ ശേഖരിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പെസോ അധികൃതര്‍ ഇന്ന് സ്ഥലത്തെത്തുമെന്നും അപകടകാരണം വ്യക്തമാവേണ്ടത് അനിവാര്യമാണെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.

നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്.